കല്‍പ്പറ്റ നഗരസഭയും സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി ജനജാഗ്രത സദസ്സ് നടത്തി. വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ പൊതുകേന്ദ്രങ്ങളില്‍ പരാതി പെട്ടികള്‍ സ്ഥാപിക്കണമെന്ന് പി. സതീദേവി പറഞ്ഞു. പരാതികള്‍ പരിശോധിക്കാനും പരിഹാരം കാണാനുമുള്ള സംവിധാനങ്ങളും എല്ലാതലങ്ങളിലും ഉണ്ടാവണം. സ്ത്രീകള്‍ക്ക് സധൈര്യം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, നിയമപരിരക്ഷ ഉറപ്പുവരുത്തുക, തുടങ്ങിയവ ഉറപ്പാക്കുന്ന തിനുള്ള സംവിധാനമെന്ന നിലയില്‍ പ്രാദേശികതലത്തില്‍ രൂപീകരിച്ച ജാഗ്രതാസമിതികള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സ്ത്രി സുരക്ഷ നിയമങ്ങള്‍ ശക്തമായ നിലനില്‍ക്കുമ്പോള്‍ സ്ത്രികള്‍ അരക്ഷിതാവസ്ഥയിലാകുന്ന സാഹചര്യമുണ്ടാകരുതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കാന്‍ സര്‍ക്കാറിന് വനിതാ കമ്മീഷന്‍ ശിപാര്‍ശ നല്‍കും. നല്ലരീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ ഓരോ ജാഗ്രതാ സമിതിക്ക് സമ്മാനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ടെന്നും അദ്ധ്യക്ഷ പറഞ്ഞു.

കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കെയംതൊടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത, കില ഫാക്കല്‍റ്റി ടി.എം ശിഹാബ്, കല്‍പ്പറ്റ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജൈന ജോയി, അഡ്വ. എ.പി മുസ്തഫ, കല്‍പ്പറ്റ നഗരസഭാ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ.വി ദീപ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.