അതിദാരിദ്ര നിര്മ്മാര്ജ്ജന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ അടിയന്തര സേവന പദ്ധതികള് നാളെ (ശനി) ആരംഭിക്കും. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി കണ്ടെത്തിയിട്ടുള്ള 2931 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയില് നിന്നും കരകയറ്റുന്നതിനായി മൈക്രോ പ്ലാനുകള് രൂപീകരിച്ചു. ഇതില് 1028 കുടുംബങ്ങള് പട്ടിക വര്ഗത്തിലും 201 കുടുംബങ്ങള് പട്ടികജാതിയിലും 1695 കുടുംബങ്ങള് മറ്റു വിഭാഗത്തിലും ഉള്പ്പെടുന്നവരാണ്.
മൈക്രോ പ്ലാനുകള് ക്രോഡികരിച്ച് തയ്യാറാക്കിയ അതിദാരിദ്ര്യ നിര്മാര്ജന ഉപപദ്ധതിയുടെ ഭാഗമായി അടിയന്തര സേവന പദ്ധതികളായ ഭക്ഷണം, ചികിത്സ, പാലിയേറ്റീവ് കെയര്, ഭിന്നശേഷിക്കാര്ക്കുള്ള പ്രത്യേക പദ്ധതികള്, അവകാശ രേഖകള് ലഭ്യമാക്കല് തുടങ്ങിയ പദ്ധതികള് ഒക്ടോബര് ഒന്നിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കും. ഭക്ഷണം പാകം ചെയ്ത് കഴിക്കാന് സാധിക്കാത്ത ആളുകള് ഉണ്ടെങ്കില് അവരെ കണ്ടെത്തി പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കാനും അതിദാരിദ്ര്യം കൊണ്ട് ഭക്ഷണം ആര്ജിക്കാന് സാധിക്കാത്ത ആളുകള്ക്ക് ഭക്ഷണ കിറ്റ് നല്കുന്നതിനും തദ്ദേശസ്ഥാപനങ്ങള് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ള 1745 കുടുംബങ്ങളും ചികിത്സ ആവശ്യമുള്ള 1944 കുടുംബങ്ങളും കാര്യമായ ഒരു വരുമാനവും ഇല്ലാത്ത 2773 കുടുംബങ്ങളും പാര്പ്പിടം ഇല്ലാത്ത 1147 കുടുംബങ്ങളുമുണ്ട്. റേഷന് കാര്ഡ്, ആധാര് കാര്ഡ്, വോട്ടര് ഐഡി കാര്ഡ് എന്നിവ ലഭ്യമല്ലാത്ത അതി ദരിദ്രകുടുംബങ്ങള്ക്ക് ലഭ്യമാക്കുന്നതിന് പൊതുവിതരണ വകുപ്പും അക്ഷയയും റവന്യൂ വകുപ്പും ആവശ്യമായ നടപടികള് സ്വീകരിക്കും.
ജില്ലയില് ആധാര് കാര്ഡില്ലാത്ത 299 കുടുംബങ്ങളും റേഷന് കാര്ഡില്ലാത്ത 312 കുടുംബങ്ങളും വോട്ടര് ഐഡി കാര്ഡില്ലാത്ത 1023 കുടുംബങ്ങളുമാണ് അതിദരിദ്രരായുള്ളത്. ഗ്രാമപഞ്ചായത്ത് മുനിസിപ്പല് തലത്തില് നടപ്പിലാക്കുന്ന പദ്ധതിയില് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ടുകളും സംസ്ഥാന പദ്ധതി വിഹിതവും ലഭ്യമാവും. നാല് വര്ഷം കൊണ്ട് അതിദാരിദ്ര്യം തുടച്ചുനീക്കാനാണ് സംസ്ഥാന സര്ക്കാര് ലക്ഷ്യമിടുന്നത്