മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിലേക്കായി ഡിജിറ്റല്‍ വിവരശേഖരണത്തിന് ഇനി വിദ്യാര്‍ഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജിലെയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹകരിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.
മാനന്തവാടി ഗവ. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത്, വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍, ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ സലാം, ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എം.ആര്‍. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി.സി. മനോജ്, വി.ഇ.ഒ വി.എം. ഷൈജിത്ത്, കെല്‍ട്രോണ്‍ പ്രതിനിധികളായ സുജയ് കൃഷ്ണന്‍, മനു ബേബി, ഗവ. കോളജ് എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വിവരശേഖരണവും വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് പതിക്കലും ആരംഭിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഏകീകൃത സംവിധാനത്തിലൂടെ ഏകോപിപ്പിക്കാന്‍ കഴിയുമെന്നതാണ് ഹരിതമിത്രം ആപ്പിന്റെ പ്രത്യേകത. എന്റോള്‍ ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും ആപ്പില്‍ രേഖപ്പെടുത്തും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മസേനയുമായി സഹകരിക്കാത്ത വീടുകളെയും സ്ഥാപനങ്ങളെയും ആപ്പ് വഴി സംസ്ഥാനതലം വരെയുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയും. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്തുന്നതിന് ഗുണഭോക്താക്കള്‍ക്കും അവസരമുണ്ടാകും.