ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ പീരുമേട് മേഖലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പോക്‌സോ നിയമം സംബന്ധിച്ച് ‘അറിവ് 2022’ ഏകദിന പരിശീലന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സിറാജുദ്ദീന്‍ പി.എ. ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാവുന്ന അതിക്രമങ്ങളില്‍ സ്‌കൂള്‍ അധ്യാപകരുടെയും സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെയും ഇടപെടല്‍ ഉണ്ടാവുന്നതിന് പോക്‌സോ നിയമവശങ്ങള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പീരുമേട് എസ്. എം. എസ് ക്ലബ്ബ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസന്‍ ഗീത എം. ജി. അധ്യക്ഷത വഹിച്ചു.
പീരുമേട് ഡി.വൈ. എസ്.പി. കുര്യാക്കോസ് ജെ. മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എ.ഇ.ഒ. എം.രമേഷ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, പീരുമേട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ആന്റണി ജോസഫ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. തുടര്‍ന്ന് പോക്‌സോ നിയമത്തെക്കുറിച്ച് അഡ്വ. സോബിന്‍ സോമന്‍ ക്ലാസ് നയിച്ചു.