വയോജനങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ വയോമൈത്രി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പത്ത് വയോമൈത്രി സിഡിഎസിൽ ഒന്നായി പ്രഖ്യാപിച്ച എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമ്മൽ എ സി നിർവഹിച്ചു.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ ഭാഗമായാണ് വയോമൈത്രി നടപ്പാക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് വേണ്ടി കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവർത്തനമാണ് വയോമൈത്രി സിഡിഎസ്.

സംസ്ഥാനത്ത് തെരഞ്ഞെടുത്ത് 10 സിസിഎസുകളെയാണ് വയോസൗഹൃദ സിഡിഎസുകളാക്കി മാറ്റുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജന അയൽക്കൂട്ടങ്ങളുള്ള പഞ്ചായത്താണ് എറിയാട്. വയോജനങ്ങളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

പെൻഷൻ സ്കീം, ഹെൽത്ത് ഇൻഷുറൻസ് സ്കീം, തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടപ്പിലാക്കും. ആരോഗ്യ ക്യാമ്പുകളും കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൺസലിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എറിയാട് വയോജന സൗഹൃദ സിഡിഎസ് ആക്കി മാറ്റാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിഡിഎസിലെ മുഴുവൻ വയോജന അയൽക്കൂട്ട അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് ദിവസങ്ങളിലായി വാർഡ് തല വയോജന സംഗമങ്ങൾ നടത്തിയിരുന്നു. എഡിഎസ് തലങ്ങളിൽ രൂപീകൃതമായിട്ടുള്ള വയോജന അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ തരിതപ്പെടുത്തുക, വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്രമാക്കി മാറ്റുക, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കുടുംബങ്ങളിലും വയോജന സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും ബോധവത്കരണ പരിപാടികൾ, മാനസിക ഉല്ലാസ, ആരോഗ്യ പരിപാലന, ഉപജീവന പ്രവർത്തനങ്ങൾ, നിയമ പരിരക്ഷ കൗൺസിലിംഗ് തുടങ്ങിയ വിവിധങ്ങളായ സൂചകങ്ങൾ സമൂഹം തന്നെ ഏറ്റെടുത്ത് നടപ്പാക്കുന്ന ഒരു സുസ്ഥിര വികസന പരിപാടി എന്ന രീതിയിലാണ് വയോമൈത്രി സി.ഡി.എസ് പ്രവർത്തനങ്ങൾ നടത്തുന്നത്.

എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയോജന ക്ഷേമം സേവനങ്ങളും നിയമപരിരക്ഷയും എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി രാധാകൃഷ്ണൻ സെമിനാർ നടത്തി. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.250 വയോജനങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
പഞ്ചായത്തിലെ ഏറ്റവും പ്രായമേറിയ 99 വയസ്സുള്ള കൃഷ്ണനെയും 87 വയസ്സുള്ള തങ്കമ്മയേയും ആദരിച്ചു.

എറിയാട് പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ജമീല അബൂബക്കർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സിന്ധു, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ വിജയകൃഷ്ണൻ, സിഡിഎസ്സ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.