വാർധക്യത്തിന്റെ അവശതയും ഏകാന്തതയും മറികടന്ന് ജീവിതത്തിന്റെ സായാഹ്നം മനോഹരമാക്കാൻ വയോധികരെ ചേർത്ത് നിർത്തുകയാണ് അളഗപ്പനഗർ പഞ്ചായത്ത്.
വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ എല്ലാ വർഷവും പഞ്ചായത്ത്
വിഭാവനം ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര വയോജന ദിനത്തോട് അനുബന്ധിച്ചും വിവിധ പരിപാടികൾ പഞ്ചായത്ത് നടത്തുന്നുണ്ട്. പഞ്ചായത്തിന് കീഴിലുള്ള തണൽ സംഘടനയുടെ നേതൃത്വത്തിൽ 80ന്റെ നിറവിൽ എത്തിയ 60 ഓളം വയോധികരെ ആദരിക്കും. മഹാമാരി നഷ്ടപ്പെടുത്തിയ ഒത്തുചേരലുകളുടെ ദിനങ്ങൾ വീണ്ടെടുക്കാൻ അവസരം ഒരുക്കുകയാണ് പഞ്ചായത്ത്.
എട്ട് ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് വകയിരുത്തിയത്. പ്രദേശത്തെ മുതിർന്ന പൗരൻമാർക്കായി നിർമ്മിച്ചിട്ടുള്ള പകൽ വീടിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, വയോജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്ന വയോമിത്രം, വയോജന ഗ്രാമസഭ തുടങ്ങി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
വെണ്ടൂർ, വട്ടണാത്ര, വരാക്കര എന്നിവിടങ്ങളിലായി മൂന്ന് പകൽ വീടുകളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. കോവിഡ് കാലത്തിന് മുൻപ് പഞ്ചായത്തിലെ വയോജനങ്ങൾക്ക് ആശ്വാസ കേന്ദ്രങ്ങളായിരുന്നു ഈ പകൽ വീടുകൾ. പകൽ സമയം ആനന്ദകരമാക്കാൻ നിരവധി സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വയോധികർക്ക് വിവിധ തരം കലാപരിപാടികളിൽ പങ്കെടുക്കാൻ അവസരം നൽകിയും അവർക്കായി ഉല്ലാസ യാത്രകൾ സംഘടിപ്പിച്ചും സജീവമായിരുന്നു പകൽ വീടുകൾ.
2013-14 വർഷങ്ങളിൽ പഞ്ചായത്തിലെ 60 വയസിന് മുകളിലുളള മുഴുവൻ വയോധികരെയും ഉൾപ്പെടുത്തി ആരംഭിച്ച തണൽ സംഘടനയുടെ നേതൃത്വത്തിലും പ്രവർത്തനങ്ങൾ സജീവമാണ്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന പഞ്ചായത്ത്തല കമ്മിറ്റിയും വാർഡ് തല കമ്മറ്റികളുമാണ് തണലിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.