ദേശീയ പോഷൺ മാസാചാരണത്തിന്റെ ഭാഗമായി   ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്തിൽ  പോഷൺ മാ പ്രദർശനവും  ബോധവത്കരണ സെമിനാറും നടന്നു. ചാലക്കുടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ടിന്റെ പോഷൺ മാസാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ് ഉദ്ഘാടനം ചെയ്തു.  നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിവിധ ഔഷധസസ്യങ്ങളും അവയുമായി ബന്ധപ്പെട്ട ഒറ്റമൂലികളും പരിപാടിയുടെ ഭാഗമായി പരിചയപ്പെടുത്തി.

സെമിനാറിന് വനമിത്ര അവാർഡ് ജേതാവ് വി കെ  ശ്രീധരൻ നേതൃത്വം നൽകി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  ആറ് വയസിന് താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്കിടയിൽ  പോഷകനിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന ഭക്ഷണ വിഭവങ്ങളെക്കുറിച്ചും ക്ലാസുകൾ നടന്നു.

അമൃതം പൊടി ഉൾപ്പടെയുള്ള വിവിധയിനം  ഭക്ഷ്യ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ  പോഷക പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി അഡിഷണൽ  സിഡിപിഒ എം.പി ഷേർളി, ഐസിഡിഎസ് സൂപ്പർവൈസർ  ജിംസി തുടങ്ങിയവർ പങ്കെടുത്തു.