ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആരംഭിച്ച 395 പുതിയ സംരംഭങ്ങളിലൂടെ 717 പേർക്ക് തൊഴിൽ ലഭിച്ചു. 17.33 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടായതായി കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനായി ചേർന്ന പുതുക്കാട് മണ്ഡലംതല അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തൃക്കൂർ, നെന്മണിക്കര, പുതുക്കാട്, അളഗപ്പനഗർ, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലായാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. തൃക്കൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ.
2022- 23 സംരംഭകത്വ വർഷാചരണത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്റർ മുഖാന്തിരം അറുപതോളം സംരംഭകർക്കായി കെ സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഫുഡ് സേഫ്റ്റി ലൈസൻസ്, പാക്കിങ് ലൈസൻസ് തുടങ്ങി വിവിധ ലൈസൻസുകൾ ലഭിക്കുന്നതിന് വേണ്ട ഓൺലൈൻ സേവനങ്ങൾ നൽകി. സംരംഭകത്വ ബോധവത്കരണത്തിന്റെ ഭാഗമായി സംരംഭകർക്കായി ഏപ്രിൽ മുതൽ എല്ലാ പഞ്ചായത്തുകളിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇന്റേൺസിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. എല്ലാ പഞ്ചായത്തുകളിലും മെയ്, ജൂൺ മാസങ്ങളിലായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാലകളിൽ 636 പുതുസംരംഭകർ പങ്കെടുത്തു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വ്യവസായ വകുപ്പിൻറെ നേതൃത്വത്തിൽ സംരംഭകർക്ക് തുടർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും വിവിധ ബാങ്കുകളുടെ സഹകരണത്തോടെ ലൈസൻസ്, വായ്പ്പ, സബ്സിഡി മേളകൾ സംഘടിപ്പിച്ച് ലൈസൻസുകളും വായ്പകളും വിതരണം ചെയ്തു.
അവലോകന യോഗത്തിന്റെ തുടർച്ചയായി മണ്ഡലത്തിലെ ജനപ്രതിനിധികളെയും നിക്ഷേപകരെയും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ഒരു ശില്പശാലയും സെമിനാറും സംഘടിപ്പിക്കാനും തീരുമാനിച്ചു.