അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇടുക്കി മണ്ഡലത്തിലെ മുതിര്‍ന്ന സമ്മതിദായകരെ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍
ഏഴ് മുതിര്‍ന്ന സമ്മതിദായകരെ ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് പൊന്നാടയണിയിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന ആദരസൂചകമായ സാക്ഷ്യപത്രവും ഇവര്‍ക്ക് സമ്മാനിച്ചു. തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ വര്‍ഷങ്ങളോളം ഫലപ്രദമായി സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന തലമുറയെ യുവജനങ്ങള്‍ മാതൃകയാക്കണമെന്ന് കളക്ടര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എ.ഡി.എം ഷൈജു പി. ജേക്കബ് ആശംസയര്‍പ്പിച്ചു.

98 വയസുകാരനായ വാഴത്തോപ്പ് മണിമലയില്‍ വീട്ടില്‍ ദേവസ്യ, ഇടുക്കി ഡാമിന് സ്ഥാനം കാണിച്ചു നല്‍കിയ ആദിവാസി കൊലുമ്പന്റെ കൊച്ചുമകന്‍ ഭാസ്‌കരന്‍, പാറേമാവ് മങ്കലപ്പിള്ളില്‍ ജാനമ്മ, പഴയമാക്കില്‍ ദേവസ്യ, പൈനാവ് ചേലക്കല്‍ ആഗസ്തി, മാര്‍ഗരീത്ത, തങ്കമ്മ എന്നിവരെയാണ് ആദരിച്ചത്. ഭാസ്‌കരന്‍, മാര്‍ഗരീറ്റ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ആദ്യകാലത്ത് അറക്കുളം വരെ 35 കിലോമീറ്ററിലധികം നടന്നുപോയി വോട്ട് ചെയ്ത അനുഭവം ഭാസ്‌കരന്‍ ചടങ്ങില്‍ പങ്കുവെച്ചു. ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടട്ടെയെന്ന് 85 കാരിയായ മാര്‍ഗരീറ്റ ആശംസിച്ചു.


ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ആര്‍. ലത ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ എല്‍. ആര്‍ കെ. മനോജ്, ഡെ. കളക്ടര്‍ ആര്‍. ആര്‍. ജോളി ജോസഫ്, ഡെ. കളക്ടര്‍ എല്‍. എ. ദീപ. കെ, തഹസീല്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ ഷാജിമോന്‍ കൃതജ്ഞത പറഞ്ഞു.