കട്ടപ്പന നഗരസഭയുടെയും വയോമിത്രത്തിന്റെയും ആഭിമുഖ്യത്തില്‍ ‘വര്‍ണ്ണപകിട്ട് 2022’ എന്ന പേരില്‍ വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കട്ടപ്പന നഗരസഭാ ഹാളില്‍ നടത്തിയ പരിപാടി നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ ഭാരമല്ലെന്ന് തിരിച്ചറിയുന്ന ഒരു സമൂഹമാണ് ആവശ്യം.

പ്രായമാകല്‍ പ്രകൃതി നിയമമാണ്. വാര്‍ധക്യം നമ്മള്‍ അംഗീകരിക്കണമെന്നും ഇത്തരം ഒത്തുചേരലുകള്‍ മനസിന് സന്തോഷം പകരുമെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. 500 ലധികം വയോജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. 60 വയസിനു മുകളില്‍ പ്രായമുള്ള കായിക താരങ്ങള്‍ക്കായി ചെന്നൈയില്‍ നടത്തിയ നാഷണല്‍ മീറ്റില്‍ മെഡല്‍ നേടിയ പാപ്പാ കളപ്പുര, സണ്ണി വളവനാല്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ വയോജനങ്ങള്‍ക്കും സ്‌നേഹോപഹാരം നല്‍കി.

സംഗമത്തോടനുബന്ധിച്ച് നിയമബോധന ക്ലാസ്, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. അഡ്വ. ബാലാജി നിയമബോധന ക്ലാസ് നയിച്ചു. നഗരസഭ അംഗങ്ങളായ ഏല്യാമ്മ കുര്യാക്കോസ്, തങ്കച്ചന്‍ പുരയിടം, കെ. ജെ. ബെന്നി, സോണിയ ജെയ്ബി, കൗണ്‍സിലര്‍മാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, ആരോഗ്യ വിഭാഗം ജീവനക്കാര്‍, മുന്‍സിപ്പലിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.