മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പും വീടുകള്‍ തോറും ക്യൂ ആര്‍ കോഡ് പതിക്കലും അഡ്വ. എ. രാജ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാലിന്യ ശേഖരണത്തിനായി വീടുകളില്‍ എത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വഴി വീടുകളില്‍ പതിപ്പിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. പഞ്ചായത്ത് പരിധിയിലെ മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനൊപ്പം മാലിന്യ നിക്ഷേപ, ശേഖരണ കാര്യങ്ങളില്‍ കുടുംബങ്ങള്‍ക്ക് പഞ്ചായത്തുമായി സംവദിക്കാനും പഞ്ചായത്തിന്റെ പുതിയ പദ്ധതിയിലൂടെ കഴിയും.

പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു, പഞ്ചായത്തംഗങ്ങളായ സി. എസ് അഭിലാഷ്, സുജി ഉല്ലാസ്, ശശികുമാര്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിസാര്‍ സി. എ., മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ സി. ഡി. എസ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.