വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഭക്ഷിക്കാത്ത ഔഷധസസ്യകൃഷി പ്രോത്സാഹന പദ്ധതി ‘വനൗഷധി’ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ന് (വ്യാഴം) വൈകിട്ട് 4 ന് കാട്ടിക്കുളം ഇരുമ്പുപാലം ആദിവാസി കോളനിയിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വർദ്ധിപ്പിക്കുവാനും അത് വഴി വനാശ്രിത സമൂഹങ്ങളുടെ ജീവിത വരുമാനം ഉയർത്താനും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേവസ്വം ബോർഡ്, ട്രൈഫെഡ്, ആയുർവേദ വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയുർവേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഏറെ ആവശ്യക്കാരുള്ളതും വന്യ മൃഗങ്ങൾ നശിപ്പിക്കാത്തതുമായ മഞ്ഞൾ, തുളസി എന്നീ സസ്യങ്ങളാണ് ആദ്യം കൃഷി ചെയ്യുക.