കൊരട്ടി പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാഥാർത്ഥ്യമായി.  കൊരട്ടി ജംഗ്ഷനിൽ  ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വഴിയോര വിശ്രമ കേന്ദ്രം തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ന്  (ഒക്ടോബർ 6) നാടിന് സമർപ്പിക്കും.

മുൻ എംഎൽഎ ബി ഡി ദേവസിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് കേന്ദ്രം നിർമ്മാണം പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റ് കോംപ്ലക്സ്, ജനകീയ ഹോട്ടൽ, വിശാലമായ ഷോപ്പിംങ്ങ് ഹാൾ, കഫ്റ്റേരിയ തുടങ്ങി സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് പൂർണ സജ്ജമായതോടെ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളി, ഇൻഫോപാർക്ക്, കിൻഫ്ര തുടങ്ങി സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവർക്ക് പ്രയോജനപ്പെടും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ ബി ഡി ദേവസി മുഖ്യാതിഥിയായി പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ  കെ  ആർ സുമേഷ്, സെക്രട്ടറി പി എസ് പ്രദീപ് കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.