കാലപ്പഴക്കം ചെന്ന പഴയ അങ്കണവാടിയില്ല, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാഴിയോട്ടുമുറി, കുടക്കുഴിയിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു. വിവിധ ഫണ്ടുകളിൽ നിന്നായി 32.31 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത്.

പഞ്ചായത്ത് ഫണ്ടിൽ നിന്ന് 31,328 രൂപയും എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും
വനിതാ ശിശു വികസന വകുപ്പിന്റെ 20 ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. സ്മാർട്ട് ടിവി, മികവാർന്ന പഠനമുറി, ശിശു സൗഹൃദ ടോയ്ലറ്റ്, വിശ്രമമുറി തുടങ്ങി ആധുനിക സൗകര്യങ്ങൾ  കെട്ടിടത്തിൽ ഒരുക്കും.

സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ മണി, ലളിത ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ,  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി രാജൻ, പഞ്ചായത്തംഗങ്ങൾ,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.