തെരുവുനായ പ്രജനന നിയന്ത്രണ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കുന്ന ബ്ലോക്ക് /മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടേയും യോഗം ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു. ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്, മാള ബ്ലോക്ക് എന്നിവിടങ്ങളിലെ പ്രജനന നിയന്ത്രണ കേന്ദ്രങ്ങളുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള വിവിധ തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള തുക കേന്ദ്രം സജ്ജമാക്കുന്നതിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇനിയും സ്ഥലം ലഭ്യമാകാത്ത ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും യോഗം ചേര്‍ന്ന് അടിയന്തിരമായി സമവായത്തിലെത്തി സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭനെ ചുമതലപ്പെടുത്തി. തൃശൂര്‍ കോര്‍പറേഷന്‍ എബിസി സെന്ററില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ഗ്രാമ പഞ്ചായത്തുകളിലെ തെരുവുനായ വന്ധ്യംകരണ പ്രക്രിയ ഉടനടി ആരംഭിക്കുന്നതാണെന്ന് മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാന്‍സിസ് ബാസ്റ്റിന്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലത ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, എഡിസി (ജനറല്‍) അയന പി എന്‍, എല്‍എസ്ജിഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍സി ജോസ്, വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.