പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം – വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെമിനാര്‍ കമ്മറ്റി ചെയര്‍മാന്‍ സജി വെമ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.

ആനവച്ചാല്‍ വനശ്രീ ഓഡിറ്റോറിയത്തിലും ബാംബൂ ഗ്രോവിലുമായി ചിത്രരചന മത്സരങ്ങളും ഉപന്യാസം, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇ. ഡി. സികളില്‍ നിന്നും ക്ലബുകളില്‍ നിന്നും നിരവധി കുട്ടികള്‍ പങ്കെടുത്തു. ജൈവ വൈവിധ്യ സംരക്ഷണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മനോ മോഹന്‍ ആന്റണി ക്ലാസുകള്‍ നയിച്ചു. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വനം – പരിസ്ഥിതി മേഖലയിലെ നിരവധി വിദഗ്ധരും സെമിനാറില്‍ പങ്കെടുത്തു.