സംസ്ഥാന സര്‍ക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത ലഹരി വിരുദ്ധ കാമ്പയിനുമായി തൊടുപുഴ ന്യൂമാന്‍ കോളേജ്. ഒരു മാസത്തെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റ് ലഹരിയില്ലാ കാലം പുനരാവിഷ്‌കരിച്ചത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രദര്‍ശന നഗരിയില്‍ 1956 ലെ കേരളപ്പിറവി കാലഘട്ടത്തെയാണ് പുനസൃഷ്ടിച്ചത്. ഇതിനായി പഴയകാല കടകള്‍ മുതല്‍ സിനിമാ കൊട്ടകയും നാരങ്ങാവെള്ള കടയും വരെ ഒരുക്കി. ഓരോ സ്റ്റാളുകള്‍ക്ക് മുന്നിലും വശങ്ങളിലും ലഹരി വിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലാക്കാര്‍ഡുകളും തൂക്കിയിരുന്നു.

നഗര- ഗ്രാമ വ്യത്യാസമില്ലാതെ കോളേജ് കാമ്പസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് അടുത്ത കാലത്തായി ലഹരി ഉപയോക്താക്കളുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. എന്നാല്‍ പഴയ കാലഘട്ടത്തില്‍ കാമ്പസുകളിലും അല്ലാതെയും ലഹരിയെന്നത് അപൂര്‍വ്വമായിരുന്നു. പൂര്‍വ്വകാല കേരള പഴമയുടെയും ലഹരി വിരുദ്ധ കേരളത്തിന്റെയും സന്ദേശവുമായിണ് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന നഗരി ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. ലഘു ഭക്ഷണ സാധനങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും ലഘു വിനോദത്തിനും ഉള്ള സൗകര്യവും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നു.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിന്റെയും പ്രദര്‍ശന നഗരിയുടേയും ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗവും ലഭ്യതയും വന്‍ തോതില്‍ വര്‍ദ്ധിച്ചതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാൾ ഡോ.ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പാൾ ഡോ. സാജു എബ്രഹാം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ ആന്റണി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിസ്റ്റര്‍ നോയല്‍ റോസ്, ഡോ.ജെറോം.കെ.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കാമ്പസില്‍ വിദ്യാര്‍ഥികൾ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രദര്‍ശന നഗരിയില്‍ സന്ദര്‍ശനം നടത്തി.