മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പഞ്ചോല താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 ന് മുഖ്യമന്ത്രിയുടെ സന്ദേശം പ്രൊജക്ടര്‍ സഹായത്തോടെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും കുട്ടികളുടെ ഫ്‌ളാഷ് മോബും സിഗ്‌നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചു. ശേഷം കുട്ടികള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി. ഒക്ടോബര്‍ മാസം മുഴുവന്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാൾ ഷിബി എ. സി. നേതൃത്വം കൊടുത്ത പ്രചാരണ പരിപാടി പി. ടി. എ. പ്രസിഡന്റ് കെ. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, സ്‌കൂള്‍ ജീവനക്കാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരും പങ്കെടുത്തു.

രാജാക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഓണ്‍ലൈന്‍ ആയി പ്രൊജക്ടര്‍ സഹായത്തോടെ കുട്ടികളെ കാണിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാൾ ഇന്‍ ചാര്‍ജ് പത്മനാഭന്‍ ഡി. സി.യുടെ അധ്യക്ഷതയില്‍ പി. ടി. എ. പ്രസിഡന്റ് എ. ഡി. സന്തോഷ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സിന്ധു ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ലഹരിക്കെതിരായി കുട്ടികള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടര്‍ന്ന് രാജാക്കാട് ടൗണിലേക്ക് എന്‍. എസ്. എസ്, എന്‍ സി. സി., ഹയര്‍ സെക്കണ്ടറി കുട്ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത സന്ദേശ റാലിയും നടത്തി.

കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ കൃഷ്ണന്‍ എം. പി രാവിലെ അസംബ്ലിയില്‍ ലഹരി വിമുക്ത സന്ദേശം പങ്കു വക്കുകയും ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രൊജക്ടര്‍ സഹായത്തോടെ ക്ലാസ്സ് മുറികളില്‍ മുഖ്യമന്ത്രിയുടെ ലഹരി വിമുക്ത സന്ദേശം കുട്ടികളെ കാണിച്ചു. ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു. തുടര്‍ന്ന് നെടുംകണ്ടം എസ്. ഐ. പി. ജെ ചാക്കോയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.