കൊരട്ടി പഞ്ചായത്തിൻ്റെ വഴിയോര വിശ്രമ കേന്ദ്രം സനീഷ് കുമാർ ജോസഫ് എംഎൽഎ നാടിന് സമർപ്പിച്ചു.ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതിയാണിതെന്ന് എം എൽ എ പറഞ്ഞു. വികസനം ഒരു തുടർ പ്രക്രിയ ആണെന്നും ഏകോപനത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പദ്ധതി പൂർത്തിയാക്കാൻ സാധിച്ചതായും എംഎൽഎ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി പഞ്ചായത്ത് നടപ്പാക്കുന്ന തുണി സഞ്ചി പദ്ധതി, പഞ്ചായത്തിൻ്റെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന ഇ – അസിസ്റ്റൻ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ എംഎൽഎ നിർവഹിച്ചു.

കൊരട്ടി ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് കേന്ദ്രം നിർമ്മാണം പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റ് കോംപ്ലക്സ്, ജനകീയ ഹോട്ടൽ, വിശാലമായ ഷോപ്പിംങ്ങ് ഹാൾ, കഫ്റ്റേരിയ തുടങ്ങി സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് പൂർണ സജ്ജമായതോടെ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളി, ഇൻഫോപാർക്ക്, കിൻഫ്ര തുടങ്ങി സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവർക്കും പ്രയോജനപ്പെടും.