സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ”ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി” എന്ന പേരില്‍ പാഴ്‌വസ്തു പരിപാലന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷംകൊണ്ട് ബത്തേരി നഗരസഭയിലെ 35 വാര്‍ഡുകളെയും മാലിന്യ മുക്ത വാര്‍ഡുകളാക്കുമെന്നും മാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ തദ്ദേശസ്വയംഭരണ സ്ഥാപനമാക്കി ബത്തേരി നഗരസഭയെ മാറ്റുമെന്നും അതിന് പൊതുജനങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ ഹരിയാലി ഡയറക്ടര്‍ മണലില്‍ മോഹനന്‍ വിഷയാവതരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാമില ജുനൈദ്, ലിഷ, സാലി പൗലോസ്, എ. റഷീദ്, കോഓര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.