പ്രളയക്കെടുതിയില്‍ മണ്ണും ചെളിയും അടിഞ്ഞ റാന്നിയുടെ വിവിധ ഭാഗങ്ങള്‍ ശുചീകരിക്കുന്നതിന് തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന്റെയും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെയും നേതൃത്വത്തില്‍ 480 അംഗ സംഘം റാന്നിയില്‍ എത്തി  ശുചീകരണം നടത്തി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും അയിഷപോറ്റി എംഎല്‍എയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. രാജു എബ്രഹാം എംഎല്‍എ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കി ശുചീകരണത്തിന് നേതൃത്വം നല്‍കി വരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ റാന്നിയിലെ 500    വീടുകളും കിണറുകളും വൃത്തിയാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ഗ്രീന്‍ ആര്‍മി, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, മെഡിക്കല്‍ ടീം എന്നിവരുമുണ്ട്. 10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീമുകളായി തിരിഞ്ഞാണ് ഇവര്‍ ഓരോപ്രദേശത്തും ശുചീകരണം നടത്തുന്നത്. റാന്നി പഞ്ചായത്തിലെ പെരുനാട്, മുണ്ടപ്പുഴ, തോട്ടമണ്‍ ഭാഗങ്ങളിലാണ് ആദ്യദിവസം ശുചീകരണം നടത്തിയത്. ശുചീകരണപ്രവ ര്‍ത്തനങ്ങളുടെ ഉദ്ഘാടനം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. എംഎല്‍എമാരായ രാജുഎബ്രഹാം, അയിഷാപോറ്റി, രാഷ്ട്രീയകക്ഷി നേതാക്കളായ മത്തായി ചാക്കോ,  കോമളം അനിരുദ്ധന്‍, വി.ആര്‍.പ്രസാദ്, തിരുവനന്തപുരം മുന്‍ മേയര്‍ കെ.ചന്ദ്രിക, തുടങ്ങിയവര്‍ പങ്കെടുത്തു.