പ്രളയക്കെടുതിക്കിരയായവര്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഇന്നലെ അപ്പര്‍ക്കുട്ടനാട്ടിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തിരുവല്ല കാവുംഭാഗം ഗവ.യുപി സ്‌കൂള്‍, മണിപ്പുഴ ദേവസ്വം ബോര്‍ഡ് സ്‌കൂള്‍, പൊടിയാടി ഗവ. സ്‌കൂള്‍, പുളിക്കീഴ് ഭാഗ്യോദയം, നിരണം സെന്റ് മേരീസ് സ്‌കൂള്‍, ശിശുവിഹാര്‍, നിരണം കണ്ണശ സ്‌കൂള്‍, നിരണം എസ്ബിടിയുടെ മുകള്‍വശത്തുള്ള ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്.  അപ്പര്‍ക്കുട്ടനാട് സാധാരണ നിലയിലേക്ക് മെല്ലെ മടങ്ങി വരുകയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഭീതി അകന്നു. വീടുകള്‍ പൂര്‍വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരുന്നതു സംബന്ധിച്ച ആകാംക്ഷയിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍. ചിലര്‍ വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്കു പോയി വീടുകള്‍ വൃത്തിയാക്കി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരണം എസ്ബിടിയുടെ മുകള്‍വശത്തുള്ള ക്യാമ്പില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടെ 68 പേര്‍ കഴിയുന്നുണ്ട്. ഏണിയിലൂടെ കയറിയാണ് ബാങ്ക് കെട്ടിടത്തിന്റെ മുകളില്‍ കഴിയുന്നവരെ കാണാന്‍ മന്ത്രിയെത്തിയത്.