ഉപ്പുതറ പഞ്ചായത്തിലെ മേമാരി കോളനിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ജനസമൂഹവും മുഖ്യധാരാ സമൂഹങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ഇഴയടുപ്പമുള്ളതും ആക്കിത്തീര്‍ക്കുന്നതിന് ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ നടക്കുന്ന ‘സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ’ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് കോളനിയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.

പദ്ധതിയില്‍ 700 മീറ്റര്‍ നീളത്തില്‍ തരിമ്പുകല്ല്-കോട്ടമുള്ളുവളവ് റോഡ് നിര്‍മാണം, തരിമ്പുകല്ല്-കോട്ടമുള്ളുവളവ് റോഡ് കലുങ്ക് നിര്‍മ്മാണം, 820 മീറ്റര്‍ നീളത്തില്‍ പൊട്ടന്‍പ്ലാവ് റോഡ് നിര്‍മ്മാണം എന്നിവയാണ് നടപ്പിലാക്കുന്നത്. വാപ്കോസ് മുഖേനയാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന റോഡിന്റെ നിര്‍മ്മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.

മേമാരി കോളനി ഇ.ഡി. സി. ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ വാപ്‌കോസ് പ്രോജക്ട് എന്‍ജിനിയര്‍ സുനില്‍കുമാര്‍ എന്‍. പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രശ്മി വി. ആര്‍., ഷീബ സത്യനാഥ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, ഐ. ടി. ഡി. പി. പ്രോജക്ട് ഓഫിസര്‍ ജി. അനില്‍കുമാര്‍, സംസ്ഥാന തല പട്ടികവര്‍ഗ ഉപദേശക സമിതി അംഗം സി.പി. കൃഷ്ണന്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗം ബാലകൃഷ്ണന്‍, ബി.എഫ്.ഒ. ഷൈജു മാത്യു, ഊരുമൂപ്പന്‍ കുഞ്ഞൂഞ്ഞ് രാഘവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ റോയി ഒ. ജി. തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.