സദസിന് ആസ്വാദന മികവേകി തോൽപ്പാവകൂത്ത്

 

നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിഴൽകൂത്തിലൂടെ സീതാ സ്വയം വരം. സീതയും രാമനും ലക്ഷ്മണനും രാവണനും വിദൂഷകനുമെല്ലാം തോൽപ്പാവകളായി വേദിയിൽ നിറഞ്ഞാടി. രാമായണ കഥകൾ വായിച്ചും കേട്ടും ശീലിച്ച മലയാളികൾക്ക് തോൽ പാവക്കൂത്തിലൂടെയുള്ള കമ്പരാമായണ കഥാവതരണം വേറിട്ട അനുഭവമായി.

കോഴിക്കോട് സ്വപ്ന നഗരിയിൽ മലബാർ ക്രാഫ്റ്റ് മേളയുടെ ഭാഗമായിട്ടായിരുന്നു ഈ നിഴൽക്കൂത്ത് അവതരണം.
രമായണത്തിലെ പ്രസക്തഭാഗങ്ങൾ വിഘ്‌നേശ്വര സ്തുതിയിലൂടെ തുടങ്ങി രാമ – സീത വിവാഹം, പഞ്ചവടി നിർമ്മാണം, ബാലിമോക്ഷം,രാമ രാവണ യുദ്ധം, പട്ടാഭിഷേകം തുടങ്ങി രാമായണ കഥയുടെ പ്രശസ്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു നിഴൽപാവകൂത്ത് അവതരിപ്പിച്ചത്.

എണ്ണ വിളക്കുകളുടെ വെട്ടത്തിൽ അവതരിപ്പിച്ച പാവകൂത്ത് അവതരണ ശൈലി കൊണ്ടും ആസ്വാദന മികവുകൊണ്ടു ശ്രദ്ധേയമായി.
പ്രധാനമായും കമ്പരാമായണം ആസ്പദമാക്കിയുള്ള തോൽപാവക്കൂത്തിന് നൂറ്റിപത്തോളം തോൽ പാവകളും ചെണ്ട, കുഴിത്താളം, ഇടയ്ക്ക, ചിലങ്ക, ശംഖ് തുടങ്ങിയ വാദ്യ സംഗീതവും അകമ്പടിയേകി.

കേവലം ഒരു അനുഷ്‌ഠാന കലയായി ഒതുങ്ങാതെ പാവകൂത്തിനെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തോൽപ്പാവക്കൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്രപുലവർ പറയുന്നു.
രാമചന്ദ്രപുലവരുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരുമടക്കം എട്ടു പേരാണ് വ്രതശുദ്ധിയോടെ തോൽപാവക്കൂത്ത് അരങ്ങിൽ എത്തിച്ചത്.

അമ്പലങ്ങളിലും കൂത്തുമാടങ്ങളിലും അവതരിപ്പിക്കുന്ന തോൽപാവകളികളിൽ നിന്നു വ്യത്യസ്തമായി ഒന്നര മണിക്കൂർ ദൈർഘ്യമേറിയ തോൽപാവകളിയാണ് അരങ്ങിൽ അവതരിക്കപ്പെട്ടത്. മംഗളം പാടി പാവക്കൂത്ത് അരങ്ങൊഴിഞ്ഞപ്പോൾ ആസ്വാദകർ നിറഞ്ഞ മനസോടെ കരഘോഷം മുഴക്കി.