പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിൽ സൂക്ഷ്മതല ആസൂത്രണം  നടത്തി ഓരോ വീടുകളിലെയും ആവശ്യങ്ങൾ പഠിച്ച് അത് കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
പായം ഗ്രാമപഞ്ചായത്തിലെ വിളമന, കുന്നോത്ത് കോളനികളിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സാംസ്കാരിക കേന്ദ്രങ്ങളുടെ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ കഴിയണം. ഈ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ അവരുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയുന്നതാവണം. ഈ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിലുള്ള വീഴ്‌ചകൾ പരിഹരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ തദ്ദേശസ്ഥാപനങ്ങൾ നടത്തണം.
സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷം പിന്നിട്ടിട്ടും പാവപ്പെട്ടവരുടെ സ്ഥിതിയിൽ മാറ്റം ഉണ്ടായിട്ടില്ലെങ്കിൽ നമ്മളെല്ലാം അതിന് ഉത്തരവാദികളാണ്.  അവർക്കായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ കാല താമസമില്ലാത്ത പൂർത്തിയാക്കാൻ കഴിയണം.
മണ്ഡലാടിസ്ഥാനത്തിൽ എം എൽ എമാർ അധ്യക്ഷരായുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റി നിലവിൽ വന്നത് ഇത്തരത്തിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ വേണ്ടിയാണ്.
വിവിധ നിർമ്മാണ പ്രവൃത്തികളിൽ ഉണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും സർക്കാർ ഇടപെടലുകൾ നടത്തി വരികയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ 25  കൊല്ലത്തെ അനുഭവ പാഠം പഠിച്ചു കൊണ്ടാവണം സമൂഹത്തിലെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത്-മന്ത്രി പറഞ്ഞു.
സാംസ്കാരിക നിലയം, ചുറ്റുമതിൽ, തൊഴിൽ പരിശീലന കേന്ദ്രം, കിണർ വൃത്തിയാക്കൽ, ഡ്രൈനേജ് സാനിറ്റേഷൻ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി കുന്നോത്ത് കോളനിക്ക് 65. 82 ലക്ഷം രൂപയും വിളമന കോളനിക്ക് 65.62 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. പായം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗുജറാത്തിൽ നടന്ന  നാഷണൽ ഗെയിംസ് റോവിങ്ങിൽ ഇരട്ട സ്വർണ മെഡൽ നേടിയ പി ബി അശ്വതിയെ ചടങ്ങിൽ ആദരിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, അംഗങ്ങളായ അഡ്വ. ഹമീദ് കണിയാട്ടയിൽ, കെ എൻ പത്മാവതി, പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.