ലോക മാനസികാരോ​ഗ്യ ​ദിനാചരണം സംഘടിപ്പിച്ചു
തെരുവ് നാടകത്തിലൂടെ മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് വിദ്യാർത്ഥികൾ. ലോക മാനസികാരോ​ഗ്യ ​ദിനാചരണത്തിന്റെ ഭാ​ഗമായി ദേശിയ മാനസികാരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോ​ഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തെരുവുനാടകം സംഘടിപ്പിച്ചത്. മാനസിക സമ്മർദ്ദമനുഭവിക്കുന്ന യുവാവ് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനോടുള്ള സമീപനങ്ങളും വിദ്യാർത്ഥികൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. ദേവ​ഗിരി സെന്റ് ജോസഫ് കോളേജിലെ എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്.
​കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റിൽ നടന്ന പരിപാടിയിൽ ഗവ.ബീച്ച് ആശുപത്രിയിലെ സെെക്യാട്രിസ്റ്റ് ഡോ. ടോം വർ​ഗീസ് ലഹരി സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെ കുറിച്ച് വിശദീകരിച്ചു. കുതിരവട്ടം സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ സെെക്യാട്രിസ്റ്റ് ഡോ. മുരളീധരൻ മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശാരീരികാരോഗ്യം പോലെ പ്രാധാന്യമുള്ളതാണ് മാനസികാരോ​ഗ്യമെന്നും കൃത്യമായ ചികിത്സയിലൂ‌ടെ രോ​ഗം ഭേദമാക്കാമെന്നും അദ്ദേഹം പറഞ്ഞു. രമ്യാരാജ്, രമ്യ ചന്ദ്ര, സുരഭി, ആൽബേർട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.