കോഴിക്കോട് ജില്ലയിലെ ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലും സബ് ഓഫീസുകളിലും ലഭിച്ച 130 അപേക്ഷകൾ കമ്മിറ്റി അം​ഗീകരിച്ചു.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകൾ, എസ് ടി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍ തുടങ്ങി വനിതകള്‍ക്ക് മാത്രമായുളള സ്വയംതൊഴില്‍ പദ്ധതിയാണ് ശരണ്യ.

ജില്ലാ കലക്ടർ ചെയർമാനായ കമ്മിറ്റിയാണ് അപേക്ഷകൾ പരിശോധിച്ച്  വായ്പ അനുവദിക്കുന്നത്. പൂര്‍ണ്ണമായും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുവഴിയാണ് പദ്ധതി ന‌ടപ്പിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്   50000/ രൂപ വരെ പലിശരഹിത വായ്പ്പ അനുവദിക്കും. വായ്പ്പാതുകയുടെ 50% സബ്സിഡിയായി നൽകും.

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ജില്ലാ വ്യവസായ ഓഫീസർ നിധിൻ, ജില്ലാ പ്രോ​ഗ്രാം മാനേജർമാരായ ശ്രീഹരി, ശ്രീഷ്മ എന്നിവർ അപേക്ഷകളുടെ പരിശോധന നടത്തി. സ്വയം തൊഴിൽ വിഭാഗം സെക്ഷൻ ഓഫീസർ താര, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ സജിഷ്,  സെക്ഷൻ ക്ലർക്ക് ശിൽപ, സി.പി രാജേഷ് എന്നിവർ നേതൃത്വം നൽകി.