കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കാനായി  ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. റോഡുകൾ മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും  റീ ടാറിംഗ് വേഗത്തിലാക്കുന്ന വിഷയവുമായി ബന്ധപ്പെട്ടും വകുപ്പുകൾ ജില്ലാതലത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ വേഗത്തിലാക്കും. നിലവിൽ പൊട്ടിയ പൈപ്പുകളുടെ ചോർച്ച അടക്കൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് കുടിവെള്ളം ഉറപ്പാക്കാനായി മണ്ഡലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെയും അറ്റകുറ്റപണികൾക്കായി പഞ്ചായത്തുകൾക്ക് സ്വന്തമായി കോൺട്രാക്റ്റ് നൽകാനായി ജില്ലാ ആസൂത്രണ സമിതിയുടെ ശുപാർശയോടെ സർക്കാരിന്റെ അനുമതി തേടും. ആവശ്യമെങ്കിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന രാമൻകുളം പദ്ധതി വൈകുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

മതിലകം ഇവിജി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ ചന്ദ്രബാബു, ശോഭന രവി, വിനീത മോഹൻദാസ്, സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ, മതിലകം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ്, വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ വിജു മോഹൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ വി ബാബു, അസിസ്റ്റൻ്റ് എൻജിനീയർമാരായ പ്രജിത പി കെ, സജി ആർ, സജിത ഭായ്, സിന്ധു ജി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.