സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രങ്ങൾ – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ മത്സരം രാമവർമ്മപുരം, വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്നോളജി സെന്ററിൽ നടന്നു. ജില്ലാതല മത്സര വിജയികളായ 28 ശാസ്ത്രപ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു.

മലപ്പുറം, ജില്ലയിലെ
മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ അർജുൻ പി വി ഒന്നാം സ്ഥാനം നേടി. കണ്ണൂർ സെന്റ് മേരിസ് ഗേൾസ് എച്ച്എസിലെ ഹർഷ സുരേഷ് രണ്ടാം സ്ഥാനവും കോട്ടയം, കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ്‌ എച്ച്എസിലെ റിയ നിസ് മാർട്ടിൻ മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട് സ്ഥാനക്കാർ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ശാസ്ത്രോത്സവത്തിന് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും പകിട്ടേറിയിട്ടുണ്ട്.

സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷയായി. ക്യു ഐ പി ഡി ഡി ഇ ബീനാറാണി, തൃശൂർ ഡി ഡി ഇ ടി വി മദനമോഹനൻ, സംസ്ഥാന ശാസ്ത്രക്ലബ് സെക്രട്ടറി മനേഷ്, ജില്ലാ ക്ലബ്‌ സെക്രട്ടറി കെ സി ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.