കടവല്ലൂർമഠംപടി കാന നിർമ്മാണം തുടങ്ങി

എളവള്ളി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി വാർഡ് നാലിൽ ഉൾപ്പെടുന്ന കടവല്ലൂർ മഠംപടി പ്രദേശത്ത് കാനനിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൊച്ചിൻ ഫ്രോണ്ടിയർ റോഡിലാണ് കാന നിർമ്മാണം.

 

 

200 മീറ്റർ നീളവും 1.10 മീറ്റർ താഴ്ചയും 60 സെൻ്റീമീറ്റർ വീതിയുമുള്ള കാനയാണ് നിർമ്മിക്കുന്നത്. മഠംപടി റോഡിൻ്റെ മുൻവശത്തുള്ള കലുങ്ക് പൊളിച്ചു പണിയും. താഴ്ച കൂടിയ കാനയായതിനാൽ കാനയുടെ മുകൾഭാഗത്തായി കവർ സ്ലാബും നിർമ്മിക്കും.

 

 

17 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കിഴക്കുഭാഗത്തുനിന്നും ഒഴുകിവരുന്ന വെള്ളം കാനയിലൂടെ ഒഴുകിപോകാതെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിരുന്നു. ഇതിനൊരു ശാശ്വതപരിഹാരമാണ് സാധ്യമാകുന്നത്. മുരളി പെരുനെല്ലി എംഎൽഎയുടെ ശ്രമഫലമായാണ് കാനയ്ക്ക് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. കൊച്ചിൻ ഫ്രോണ്ടിയർ റോഡിൽ വളവുകളിൽ വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇതിനകം അപേക്ഷ നൽകിയിട്ടുണ്ട്.