വിശപ്പ് അകറ്റാനുള്ള ജനകീയ പ്രവർത്തനത്തിൻ്റെ വിജയ ഗാഥയാണ് കൊരട്ടിയിലെ പാഥേയമെന്നും കേരളത്തിന് ഇത്തരം മോഡലുകൾ അനിവാര്യമാണെന്നും റവന്യൂമന്ത്രി കെ രാജൻ. വിശപ്പ് രഹിത കൊരട്ടി എന്ന ലക്ഷ്യത്തോടെ കൊരട്ടിയിലെ ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും നടത്തുന്ന പാഥേയം പദ്ധതിയുടെ മൂന്നാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവച്ച നാടാണ് കേരളം. ലോക്ക്ഡൗണിൽ നിരവധി പേരുടെ വിശപ്പ് അകറ്റാൻ നമുക്കായി. വിശക്കുന്നവനും വിശപ്പ് അകറ്റുന്നവനും ഒന്നിക്കാൻ കഴിയുന്ന സംസ്കാരത്തിൻ്റെ തുടർച്ച ഉണ്ടാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷണശാലകൾ അടച്ചിട്ടതോടെ പ്രതിസന്ധിയിലായ ദീർഘ ദൂരയാത്രക്കാരെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണിത് പാഥേയം പദ്ധതി കൊരട്ടിയിൽ ആരംഭിച്ചത്. കൊരട്ടി എസ്.എച്ച്.ഒ. ബി കെ അരുണിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയുമാണ് ചുമതലക്കാർ.

സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്, കൊരട്ടി എസ്എച്ച്ഒ ബി കെ അരുൺ, കെ എസ് സുദർശൻ, മറ്റ് ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. പൊതിച്ചോറ് നൽകുന്ന വിദ്യാലയങ്ങൾക്കുളള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.