ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമാകും: മന്ത്രി ആർ ബിന്ദു

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

നാടിന്റെ ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമായി കലോത്സവം സംഘടിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. നിരവധി പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം അരങ്ങേറാൻ അനുയോജ്യമായ വേദിയാണ് കലാ പാരമ്പര്യമുഉള്ള ഇരിങ്ങാലക്കുട എന്നും മന്ത്രി അഭിപ്രായപ്പെട്ടു. മത്സരത്തിനേക്കാളുപരി ഹൃദയബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ കലോത്സവങ്ങൾക്ക് കഴിയണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

നവംബർ 23, 24, 25 തിയതികളിലാണ് കലോത്സവം. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ തുടങ്ങിയ വേദികളിൽ മത്സരങ്ങൾ അരങ്ങേറും.

മന്ത്രി ഡോ.ആർ ബിന്ദു (ചെയർമാൻ) , നഗരസഭാധ്യക്ഷ സോണിയ ഗിരി (വർക്കിങ് ചെയർമാൻ), അഡ്വ.ജിഷ ജോബി
(വൈസ് ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ (ജനറൽ കൺവീനർ), ഡി.ഇ.ഒ.ഇൻ ചാർജ് ജസ്റ്റിൻ തോമസ് വി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫിനാൻസ്, പ്രോഗ്രാം, ഭക്ഷണം, സ്വീകരണം, സ്റ്റേജ് ആന്റ് പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്, പ്രചരണം തുടങ്ങി 15 സബ്കമ്മിറ്റികളും രൂപീകരിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ജസ്റ്റിൻ തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം ശ്രീജ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബ്രിജി, ഹയർ സെക്കന്ററി ജില്ലാ കോഡിനേറ്റർ വി എം കരിം, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, ജില്ലാതല ഉദ്യോഗസ്ഥർ, ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ അധ്യാപകർ, പിടിഎ പ്രസിഡന്റുമാർ എസ് എം സി, എംപിടിഎ പ്രവർത്തകർ, സ്കൂൾ വികസനസമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.എം വി നിഷ നന്ദിയും പറഞ്ഞു.

ജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം ഇന്ന് (ഒക്ടോബർ 11) കുന്നംകുളം ടൗൺഹാളിൽ വൈകുന്നേരം 3 മണിക്ക് ചേരും. മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്യും.