“ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസിന്” എന്ന സന്ദേശവുമായി ലോക മാനസികാരോഗ്യ ദിനത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്. തേക്കിൻകാട് മൈതാനം, തെക്കേഗോപുരനടയിൽ നടന്ന ഫ്ളാഷ് മോബിൽ 25 വിദ്യാർത്ഥികൾ ഭാഗമായി. മെഡിക്കൽ കോളേജിലെ ഡാൻസ് ടീമായ വികിംഗ്സിന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്.
ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം തന്നെ മനസിന്റെ ആരോഗ്യത്തിനും ശ്രമിക്കണമെന്ന സന്ദേശം നൃത്ത ചുവടുകളിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ആരോഗ്യമുള്ള ശരീരത്തിനും ലഹരിക്കടിമപ്പെടാത്ത മനസിനും വേണ്ടി ദിനചര്യയിൽ കലയ്ക്കും വ്യായാമത്തിനുമുള്ള പ്രാധാന്യവും ഫ്ലാഷ്മോബിലൂടെ അവർ പറഞ്ഞു. ഗവൺമെന്റ് മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗം, കോളേജ് യൂണിയൻ, ഐഎംഎ, തൃശൂർ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ഗവ. മെന്റൽ ഹെൽത്ത് സെന്റർ, ഗവ.ലോ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവ സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. “എല്ലാവർക്കും മാനസികാരോഗ്യവും സുസ്ഥിതിയും ഉറപ്പുവരുത്തുന്നത് ഒരു ആഗോള മുൻഗണനയാക്കാം’ എന്ന ഈ വർഷത്തെ ലോക മാനസികാരോഗ്യദിന പ്രമേയം സംബന്ധിച്ച് ഡോ.കെ എസ് ഷഗിന സംസാരിച്ചു. 2017 – മെന്റൽ ഹെൽത്ത് ആക്ട് എന്ന വിഷയത്തിൽ അഡ്വ. സോണിയ സൈമൺ ക്ലാസെടുത്തു. ഗവ.മെന്റൽ ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങ് ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എംഎച്ച്സി സൂപ്രണ്ട് ഡോ.ടി ആർ രേഖ, ഡിഎംഒ ടി പി ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.