സർക്കാർ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗം നടന്നു.
പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഗൗരവതരത്തിൽ എടുക്കണമെന്നും വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ നടപടികൾ തുടരണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്ന മുഴുവൻ ഫയലുകളും കാലതാമസം നേരിടാതെ തീർപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞം നല്ലരീതിയിൽ പൂർത്തിയാക്കിയ വകുപ്പുകളെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകൾ തീർപ്പാക്കിയ ഫയലുകൾ, അവശേഷിക്കുന്ന ഫയലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ ധരിപ്പിച്ചു.
2022 മെയ് 31 വരെ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സെപ്റ്റംബർ 30 നകം തീർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. പരമാവധി കുടിശ്ശിക ഫയലുകൾ തീർപ്പാക്കാനായി അവധി ദിവസങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഡോ. എ ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു