ഓളപ്പരപ്പിലെ ആവേശമായ വള്ളംകളിക്ക വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജില്ല. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയുമാണ് ഒക്ടോബര്‍ 15ന് കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കായലിനെ ആവേശത്തോണിയിലേറ്റുക.

വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വി ആർ സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ജലോത്സവ കമ്മിറ്റി അംഗങ്ങളുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 9 തുഴച്ചില്‍ ടീമുകളുടെ ആറാം പാദ മത്സരമാണ് നടക്കുന്നത്. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ മത്സരം, തനത് കലാരൂപങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. വള്ളംകളിയും സാംസ്‌കാരിക സമ്മേളനവും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ചലച്ചിത്ര സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിന്റെ കലാ പൈതൃകത്തിന് മാറ്റേകുന്ന തിരുവാതിരക്കളി, ഒപ്പന, നാടൻ പാട്ട്, മേളം, മാർഗംകളി എന്നിവ അരങ്ങേറും. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ എല്ലാം കാണികൾക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ജലോത്സവം സംഘടിപ്പിക്കുക എന്ന് യോഗത്തിൽ എംഎൽഎ പറഞ്ഞു. ലോക ശ്രദ്ധയിൽ കൊടുങ്ങല്ലൂരിനെ എത്തിക്കുന്ന ജലോത്സവം വർണാഭമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

മത്സരങ്ങളുടെ നടത്തിപ്പിനായി വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജനറല്‍ കണ്‍വീനറും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍ കുട്ടി കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വിവിധ സബ് കമ്മിറ്റി അംഗങ്ങളും വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചു.

കൊടുങ്ങല്ലൂർ മുൻസിപ്പൽ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ടൂറിസം മുസിരിസ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.