ഷീ ലോഡ്ജ്@കൊച്ചി മന്ത്രി ഉദ്ഘാടനം ചെയ്തു

പുതിയ കാലത്തിന്റെ പുതിയ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ മുന്നോട്ട് പോകേണ്ട കാലമാണിതെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കൊച്ചി കോര്‍പറേഷന്റെ ഷീ ലോഡ്ജ്@കൊച്ചിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെ പ്രാധാന ലക്ഷ്യം സംരംഭകത്വമാണ്. കുടുംബശ്രീയെ ആധുനിക വത്കരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 48 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരന്ന ലോകശ്രദ്ധ ആകര്‍ഷിച്ച സ്ത്രീ ശാക്തീകരണ മാതൃകയാണ് കുടുംബശ്രീ. 25 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് കുടുംബശ്രീ മുന്നേറണം. കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ പത്തോളം ഔട്‌ലെറ്റുകള്‍ ആരംഭിക്കും. കൊച്ചി നഗരസഭ മാലിന്യ സംസ്‌കരണത്തെ പ്രധാന ലക്ഷ്യമായി ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കൊച്ചി കോര്‍പറേഷന്റെ സമൃദ്ധി ഹോട്ടലിന് സമീപമാണ് ഷീ ലോഡ്ജ് @കൊച്ചി പ്രവര്‍ത്തനം ആരംഭിക്കുന്നത്. നഗരത്തിലെത്തുന്ന വനിതകള്‍ക്കു കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം ഉറപ്പാക്കുകയാണ് ഷീ ലോഡ്ജിന്റെ ലക്ഷ്യം. ഷീ ലോഡ്ജിന്റെ ഒരു ഭാഗം ഹോസ്റ്റലിനായി മാറ്റിവയ്ക്കാനും ലക്ഷ്യമുണ്ട്. 97 ബാത്ത് അറ്റാച്ച്ഡ് മുറികള്‍, 25 ഡൊര്‍മെറ്ററി ബെഡുകള്‍ എന്നീ സൗകര്യങ്ങള്‍ ഷീ ലോഡ്ജില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീക്ക് ആയിരിക്കും സ്ഥാപനത്തിന്റെ മേല്‍നോട്ടം. ഷീ ലോഡ്ജ് @കൊച്ചിയിലെ വാടക വരും ദിവസങ്ങളില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. സിംഗിള്‍, ഡബിള്‍ റൂമുകള്‍, ഡൊര്‍മെറ്ററി, വൈ ഫൈ, ഡൈനിങ് റൂം, ലൈബ്രറി, മൂന്നു നേരത്തെ ഭക്ഷണം, ഓണ്‍ലൈന്‍ ബുക്കിങ് എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 162 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം.

കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ ലാല്‍, പ്രിയ പ്രശാന്ത്, വി.എ ശ്രീജിത്ത്, പി.ആര്‍ റെനീഷ്, എം.എച്ച്.എം അഷ്റഫ്, ടി.കെ അഷ്റഫ്, ലൈല ദാസ്, കൗണ്‍സിലര്‍മാരായ മനു ജേക്കബ്, ആന്റണി കുരീത്തറ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ബെന്‍ഡിക്ട് ഫെര്‍ണാണ്ടസ്, മേഴ്സി ടീച്ചര്‍, നഗരസഭ സെക്രട്ടറി വി.പി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.