സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഇന്ന് (ഒക്ടോബർ 13) സംസ്ഥാനതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് തൃശൂർ പാണഞ്ചേരി ഗവ. എൽ.പി. സ്‌കൂളിൽ റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് പ്രഭാഷണം നടത്തും. മുന്നറിയിപ്പുകളും, മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ സന്ദേശം

സ്‌കൂൾ ദുരന്ത നിവാരണ പ്ലാനുകൾ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച ‘ഉസ്‌കൂൾ’ ആപ്പിന്റെ പ്രകാശനം ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി. നിർവഹിക്കും.യൂണിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്കായി മോക്ഡ്രിൽ, എക്സിബിഷൻ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. ഇന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന സന്ദേശം വായിക്കും.