അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നും അതിനായി സംസ്ഥാനവ്യാപകമായി സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഇലന്തൂരിലെ ക്രൂരവും പൈശാചികവുമായ നരബലി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. പത്തനംതിട്ടയിൽ ദുർമന്ത്രവാദിനി അറസ്റ്റിലായി. ഒരു വ്യക്തിയും ഇത്തരം അനാചാരങ്ങളുടെ ഭാഗമാകരുതെന്നാണു സർക്കാരിന്റെ നിലപാട്. ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കാലാനുസൃതമായ നിയമങ്ങളോടൊപ്പം സംസ്ഥാനവ്യാപകമായി അവബോധ പരിപാടികൾ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കല, സാഹിത്യ, സാംസ്‌കാരിക, സിനിമ പ്രവർത്തകർ, കൂട്ടായ്മകൾ യുവജന സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ പരിപാടിയുടെ ഭാഗമാക്കും.

വഴിനടക്കാനും മാറുമറയ്ക്കാനുമടക്കമുള്ള അവകാശങ്ങൾക്കായി പോരാടിയ നവോത്ഥാന നായകരുടെ മാതൃകകളും അതിനുശേഷം നടന്ന സാംസ്‌കാരിക മുന്നേറ്റവും നാം മനസിലാക്കണം. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള 32 ഓളം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം ഉയർത്തിക്കൊണ്ടുവരും. എല്ലാ ബഹുജനങ്ങളുടെയും സഹായം പരിപാടികൾക്ക് ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.