ദുരന്തങ്ങള്‍ തന്ന പാഠങ്ങളെക്കാള്‍ ദുരന്ത ലഘൂകരണ പാഠങ്ങള്‍ ഓരോരുത്തരും പഠിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ട ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതുവരെ സുരക്ഷിതരായിരിക്കേണ്ട മാര്‍ഗങ്ങള്‍ ഓരോരുത്തരും ആര്‍ജിക്കേണ്ടത് അത്യാവശ്യമാണെന്നും കളക്ടര്‍ ഓര്‍മപ്പെടുത്തി.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, അഗ്‌നി രക്ഷാസേന തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണു ദിനാചരണം സംഘടിപ്പിച്ചത്.

അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ശ്രീദേവി, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ലിസി സെബാസ്റ്റ്യന്‍, കണയന്നൂര്‍ തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജ്, കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് ബിന്ദു രാജന്‍, എസ്.ആര്‍.വി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എന്‍ ബിജു , എസ്.ആര്‍.വി.വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ജിന്‍സി ജോസഫ്, എസ്.ആര്‍.വി.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.രാധിക, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍വീനര്‍ ടി.ആര്‍ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തിന് ശേഷം ജനറല്‍ ആശുപത്രിയിലെ ഡോ.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കി. അഗ്‌നി രക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക് ഡ്രില്ലും ഉണ്ടായിരുന്നു.

ദിനചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ബോധവത്കരണവും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു.