രണ്ട് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പു നൽകുകയാണ് തൊഴിൽസഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍സഭയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ ഇല്ലാത്ത വീട്ടമ്മമാരെ അന്വേഷിച്ച് സർക്കാരിന്റെ ഏജൻസിയായി കുടുംബശ്രീ വീടുകളിൽ എത്തുകയാണ്. സാമൂഹ്യ ജീവിതത്തിന്റെയും ആർജവത്തിന്റെയും കേന്ദ്രമാവുകയാണ് ഈ  പ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡിജിറ്റൽ റീസർവേ നടപടികൾക്കായി

4700 പേരെയാണ് നാലു വർഷക്കാലത്തേയ്ക്ക് പുതുതായി നിയമിച്ചിട്ടുള്ളത്. കണ്ണാറ ബനാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേരുംകുഴിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കൈപ്പക്ക കൊണ്ടാട്ടവും തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾ അവസാനിപ്പിക്കുന്ന സംരംഭകത്വത്തിന്റെ മികച്ച ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി  രാജേഷ് ഓൺലൈനായി തൊഴിൽസഭയെ കുറിച്ചുള്ള സന്ദേശം കൈമാറി. നോളഡ്ജ് എക്കണോമി മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീ നടത്തിയ സർവ്വേയിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ അഞ്ച് ലക്ഷത്തോളം തൊഴിൽ അന്വേഷകരാണ് തൊഴിൽ സഭയിൽ പങ്കാളികളാകുക.

ആളൂർ പ്രസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ  ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണ കുമാർ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ,   വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ കലക്ടർ ഹരിത വി കുമാർ,  എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ,  ആളൂർ പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത്, ബ്ലോക്ക് -പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.