ഓരോരുത്തരും സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും മറ്റുളളവരെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ്‌ ബെഹ്‌റ. എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം ശ്രദ്ധയിൽ പെടുന്ന സാഹചര്യത്തിൽ പോലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും ലഹരി ഉപയോഗിക്കുന്നവരുടെ ബന്ധുക്കളെയും യഥാസമയം വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള ലഘു ലേഖയുടെ പ്രകാശനവും കൊച്ചി മെട്രോ എം.ഡി നിർവഹിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന തീവ്ര യജ്ഞ പരിപാടിയാണ് കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ വി. ജയരാജ്‌ ലഹരിക്കെതിരെ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.

ചടങ്ങിൽ കൊച്ചി മെട്രോ പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ സി നിരീഷ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ബിബിൻ ജോർജ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി. സുനു, എക്സൈസ് എറണാകുളം സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബു, വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു.