കുതിരാനില്‍ തുരങ്കത്തിന് മുന്നില്‍ വീണ മണ്ണ് മാറ്റി തുരങ്കത്തിന്‍റെ ഒരുഭാഗം ദുരിത സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം കടന്നുപോകുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ധാരണയായി. കുതിരാന്‍ മേഖലയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. കുതിരാനിലെ മണ്ണിടിഞ്ഞ ഭാഗങ്ങള്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. തുരങ്കത്തിനടുത്തുനിന്നും കാല്‍നടയായാണ് മന്ത്രിമാര്‍ കുതിരാന്‍ മലയില്‍ മണ്ണിടിഞ്ഞ ഭാഗങ്ങള്‍ കണ്ടത്. തുരങ്കനിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയ കരാര്‍ കമ്പനിയുടെ നിലപാട് നീതീകരിക്കാനാവാത്തതാണെന്ന് സന്ദര്‍ശന ശേഷം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡോ.പി.കെ. ബിജു എം.പി., അഡ്വ.കെ.രാജന്‍ എംഎല്‍എ, സബ്കളക്ടര്‍ ഡോ.രേണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരും മന്ത്രിമാരോടൊപ്പം സന്നിഹിതരായി.
