പാടിയും പറഞ്ഞും കളക്ടേറ്റിലെ വിശേഷങ്ങളറിഞ്ഞും കണിയാമ്പറ്റ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ വയനാട് ജില്ലാ ഭരണ സിരാകേന്ദ്രത്തെ തൊട്ടറിഞ്ഞു.വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പകളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനാണ് ശനിയാഴ്ച്ച കണിയാമ്പറ്റ എം.ആര്‍.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളെത്തിയത്. സിവില്‍ സ്റ്റേഷനിലെത്തിയ കുട്ടികളെ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വരവേറ്റു. സിവില്‍ സ്റ്റേഷനും വിവിധ ഓഫീസുകളും ചുറ്റിനടന്ന് കണ്ട് കളക്ടറുടെ ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥികള്‍ പാടിയും പറഞ്ഞും നൃത്തം വെച്ചും ഉല്ലസിച്ചു. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി എം.ആര്‍.ആതിര തനത് ഗോത്രഭാഷയില്‍ പാട്ടുപാടിയും എം.കെ.സരിത എം.ആര്‍.ശോഭ, എം.സി. വനിത, സനിഗ എന്നിവര്‍ ചുവടുകളും വെച്ചപ്പോള്‍ കളക്ടറുടെ ചേമ്പര്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

കഥകള്‍ പറഞ്ഞും പ്രചോദനം നല്‍കിയും പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കൂടി എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആവേശത്തിലായി. ‘വര്‍ണ പൂമ്പാറ്റകള്‍ പോലെ നാം പാറണം’ എന്ന് പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥി അനഘയുടെ പാട്ടിന് കളകടര്‍ ചുവടുകള്‍ കൂടി വെച്ചതോടെ കുട്ടികള്‍ക്ക് ഇരട്ടിമധുരം. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍ തുടങ്ങിയവരും ചേമ്പറില്‍ എത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥികളോട് ജില്ലാ പഞ്ചാത്ത് പ്രിസഡണ്ട് സംഷാദ് മരക്കാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സിവില്‍ സര്‍വീസിലേ ക്കുള്ള വഴികള്‍, കളക്ടറുറുടെ ഉത്തരവാദിത്വങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലകള്‍, വിവിധ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഗഹനമായും അല്ലാത്തതുമായി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒരു ദിനം കുട്ടികള്‍ പഠിച്ചത് നിരവധി പുതിയ പാഠങ്ങള്‍.

പ്ലസ് ടു സയന്‍സിലെയും ഹ്യുമാനിറ്റീസിലെയും 77 വിദ്യാര്‍ത്ഥികളും, 10 അധ്യാപകരും അടങ്ങുന്ന സംഘമാണ് സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എന്‍ ഉര് ഗോത്ര പൈത്യക ഗ്രാമവും, കര്‍ളാട് തടാകവും കുട്ടികള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണ സംവിധാനങ്ങളും ടൂറിസം കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ കണിയാമ്പറ്റ എം.ആര്‍.എസ്സില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തിയത്.