കളക്ട്രേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കാന്‍ എത്തിയ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായിട്ടാണ് എന്‍. പ്രശാന്ത് എത്തിയത്.വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയുമായി കുട്ടികള്‍ സംവദിക്കുന്നതിനിടയില്‍ ചേമ്പറിലെക്കെത്തിയ അദ്ദേഹത്തെ കുട്ടികള്‍ക്ക് ആദ്യം മനസിലായില്ലെങ്കിലും കളക്ടര്‍ ബ്രോയെ അറിയുമോ എന്ന ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിന്റെ ചോദ്യത്തിന് കേട്ടിട്ടുണ്ട് .. കണ്ടിട്ടില്ലെന്ന് കുട്ടികളും. അതിഥിയെ തിരിച്ചറിഞ്ഞതോടെ ആദ്യം അമ്പരപ്പും പിന്നീട് ആഹ്ലാദവുമായി. പ്രചോദന കഥകളും അനുഭവങ്ങളും പറഞ്ഞ് ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഗുരുനാഥനായും വഴികാട്ടിയായും അദ്ദേഹം നിറഞ്ഞ് നിന്നു.

ജീവിത വിജയത്തിന് കുറുക്ക് വഴികളില്ലെന്നും നിരന്തര പരിശ്രമത്തിലൂടെ ഏത് ലക്ഷ്യവും കീഴടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. യാഥാര്‍ത്ഥ്യമാക്കാവുന്ന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുറപ്പിക്കണ മെന്നും പരാജയങ്ങളില്‍ പിന്‍മാറാതെ ലക്ഷ്യം നേടിയെടുക്കാന്‍ ആത്മാര്‍ ത്ഥമായി പരിശ്രമിക്കണമെന്നും അനുഭവ കഥകളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി. എന്‍ ഊര് സന്ദര്‍ശനത്തിന് ശേഷമാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ എന്‍. പ്രശാന്ത് കളകട്രേറ്റില്‍ എത്തിയത്.