രാജ്യത്തെ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗത്തിന് സംരക്ഷണം നൽകുന്നതിനുള്ള എല്ലാ ധർമ്മവും ഭരണഘടന നിറവേറ്റിയിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗത്തിന് മുന്നിലേക്ക് വരാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിക്കണമെന്നും സമൂഹം അതിന് അവസരമുണ്ടാക്കണമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ബസേലിയസ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.ജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ ഹേമന്ത് ശ്രീനിവാസൻ, എം.വി വിശാന്ത് എന്നിവരെ ആദരിച്ചു.
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയനും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം ക്ലാസിന് അഡ്വ വി.ആർ രവീന്ദ്രനും നേതൃത്വം നൽകി. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് കോട്ടയം മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർ എ. രാകേഷ് ക്ലാസ് നയിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ് സുനിൽ, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മധുമോൾ പഴയിടം, അഡ്വ വി.ആർ രാജു, ഐ.റ്റി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ.ജി. ജോളിക്കുട്ടി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കുന്നു.