ജില്ല ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിൽ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രധാന്യം വളരെ വലുതാണെന്ന് കളക്ടര്‍ പറഞ്ഞു. കോവിഡ് കാലത്തെപോലെ എല്ലാവരും കൈകഴുകല്‍ ഒരു ശീലമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആഗോള കൈകഴുകല്‍ ദിനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടും ശരിയായ രീതിയില്‍ കൈകഴുകുന്ന രീതി പരിചയപ്പെടുത്തിക്കൊണ്ടും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 17 വരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.