കടലാക്രണം ചെറുക്കാനായി കിഫ്ബി പദ്ധതി പ്രകാരം ജില്ലയുടെ തീരദേശങ്ങളിൽ നിർമിക്കുന്ന ടെട്രാപോഡ് -സംരക്ഷണ ഭിത്തിയുടെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. കിഫ്ബി ഫണ്ടിൽ നിന്നും 17 കോടി രൂപ ചിലവഴിച്ചാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വട്ടച്ചാൽ, പത്തിയാങ്കര, അമ്പലപ്പുഴ, കാട്ടുർ എന്നിവിടങ്ങളിലാണ് ടെട്രാപോഡുകൾ നിർമിക്കുന്നത്. ഇതോടെ തീരദേശ നിവാസികൾ അനുഭവിച്ചു വന്നിരുന്ന കടലാക്രമണത്തിനും മണ്ണൊലിപ്പിനും ശാശ്വത പരിഹാരമാവും.

വേബ്രിഡ്ജ്, പുലിമുട്ട് എന്നിവ അടക്കമാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. പ്രതിദിനം നൂറിലധികം ടെട്രാപോഡുകളാണ് നിർമിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലെപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ചെന്നൈ എ.എ.ടി.യിലെ സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരം തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് ടെട്രാപോഡുകൾ നിർമിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്നും നാലു മീറ്റർ ഉയരത്തിലാണ് ടെട്രാപോഡ് ഉപയോ​ഗിച്ചുള്ള പുലിമുട്ടുകൾ സ്ഥാപിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിച്ചു വരികയാണെന്നും നവംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാണ ചുമതല വഹിക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ഹരൻ ബാബു പറഞ്ഞു.