ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികളാകും മുൻനിരപോരാളികളെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കുട്ടികൾക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങളെന്നും പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ കവചം- ലഹരി വിരുദ്ധ അമ്പലപ്പുഴ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരം നൽകാൻ വിദ്യാർഥികൾ തയ്യാറാകണം. അത് അവരെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണെന്ന് എല്ലാവരും മനസിലാക്കണം. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രധാനപ്പെട്ടവരാണ്.
വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, തീരദേശ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലൂന്നിയാണ് ഈ ഘട്ടത്തിൽ പ്രധാനമായും ലഹരി വിരുദ്ധ പോരാട്ടം നടത്തുന്നത്.
വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും മത സൗഹാർദത്തിലും ആരോഗ്യ കാര്യങ്ങളിലും കേരളം രാജ്യത്തിന് മാതൃകയാണ്. എല്ലാ കാര്യങ്ങളിലും നേട്ടങ്ങൾ കൈവരിച്ച പ്രബുദ്ധ കേരളത്തിൽ മയക്കുമരുന്ന് ഉയർത്തുന്ന വിപത്തിന് മുൻപിൽ നിസംഗരായി നിൽക്കാനാകില്ല. അത്ര മാരക വിപത്താണ് ലഹരി. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി ലഹരിക്കടിപ്പെടുന്നതിന് മുൻപ് തിരിച്ചു കൊണ്ടുവരികയെന്നതാണ് പ്രധാനം. എൻ.എസ്.എസ്, വിദ്യാർഥി സംഘടനകൾ തുടങ്ങി വിവിധങ്ങളായ കൂട്ടായ്മകൾ ലഹരിക്ക് എതിരെ രംഗത്ത് വരണം. ലഹരി ഉപയോഗിക്കുന്നവരുടെ വിവരം തരുന്ന ഉറവിടത്തിന്റെ വിവരം പറയാതെ തന്നെ സന്ദേശം കൈമാറാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, കുടുംബശ്രീ ഡി.എം.സി ജെ. പ്രശാന്ത് ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി. സൈറസ്, എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, പി. അഞ്ജു, വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി. ഓമന, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ. അശോക് കുമാർ, ഡി.ഇ.ഒ ലിറ്റിൽ തോമസ്, ഡിവൈ.എസ്.പി. ബിജു വി. നായർ എന്നിവർ പങ്കെടുത്തു.