പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷാ കേരള കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വായനാ ചങ്ങാത്തം പരിപാടിയുടെ ഭാഗമായി അടിമാലി സബ് ജില്ലയിലെ എല്‍.പി വിഭാഗം അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലായിരുന്നു പരിശീലനം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി. ഷാജി അധ്യക്ഷത വഹിച്ചു.

അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ അടിമാലി സബ് ജില്ലക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അറുപതോളം അധ്യാപകര്‍ പങ്കെടുത്തു. അധ്യാപകര്‍ക്കായി വിദഗ്ധര്‍ ക്ലാസ് നയിച്ചു. കുട്ടികളിലും രക്ഷിതാക്കളിലും വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വായന ചങ്ങാത്തം പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. ബി.ആര്‍.സി ട്രെയ്‌നര്‍ ഷാജി തോമസ്, അടിമാലി ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ വിഷ്ണു ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.