നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകൾ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളിലെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഈ സർവ്വകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിജിറ്റൽ സയൻസ് പാർക്ക്, റിസർച്ച് സെന്ററുകൾ എന്നിവ മുഖേന ഗ്രഫീൻ, മറ്റു  2 ഡി പദാർത്ഥങ്ങൾ എന്നിവയിലധിഷ്ഠിതമായ ഗവേഷണവികസന പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുള്ള ധാരണാപത്രത്തിൽ  കേരള ഡിജിറ്റൽ സർവ്വകലാശാലയും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയും  ഒപ്പ്  വച്ചു. ഗ്രഫീൻ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങൾ നടന്നത്  മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ്. ഗ്രഫീൻ കണ്ടുപിടുത്തത്തിന് 2010 ലെ നോബേൽ സമ്മാന ജേതാവായ   ആൻഡ്രു  ജീം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സർക്കാർ ഗ്രഫീൻ രംഗത്ത് മുൻകൈയെടുക്കുന്നത് ഭാവി വ്യവസായത്തിൽ കേരളത്തെ മുൻപിലാക്കുന്നതിന് സഹായിക്കുമെന്ന് ആൻഡ്രു  ജീം  വ്യക്തമാക്കി.

നിർമ്മിത ബുദ്ധിയും റോബോട്ടിക്സും സംബന്ധിച്ച സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രമാണ് എഡിൻബറോ സർവ്വകലാശാലയുമായി ഒപ്പു വച്ചത്. നിർമ്മിത ബുദ്ധിക്കായുള്ള ഹാർഡ് വെയർ, റെസ്പോൺസിബിൾ ആർട്ടിഷിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ ഹെൽത്ത് എന്നീ മേഖലകളിൽ  ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി പദ്ധതികളും ഗവേഷണശാലകളും ആരംഭിക്കും. കേരള ഡിജിറ്റൽ സയൻസ് പാർക്കുമായുള്ള സഹകരണവും പരിഗണനയിലുണ്ട്.

ഇമേജ് സെൻസറുകൾ,  മൈക്രോഇലക്ട്രോമെക്കാനിക്കൽ സിസ്റ്റം, ന്യൂറോമോർഫിക് വി എൽ എസ് ഐ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രമാണ് ജർമ്മൻ സർക്കാർ നിയന്ത്രണത്തിലുള്ള സീഗൻ യൂണിവേഴ്സിറ്റിയുമായി ഒപ്പു വച്ചത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി, മേക്കർ വില്ലജ് പോലുള്ള ഡിജിറ്റൽ ചിപ്പ് ഡിസൈൻ സംരംഭങ്ങൾ എന്നിവയുമായും ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സഹകരണമുണ്ടാകും.

ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക് രൂപീകരിക്കാൻ എൽഡിഎഫ് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവ്വകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ്  വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിൻറെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിർമ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകൾ ചെയ്യാൻ സർവ്വകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.